വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാത: നിര്‍മാണം ചെലവ് കുറഞ്ഞ ഓസ്ട്രിയന്‍ ടണലിങ് രീതിയില്‍

 വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പ്പാത: നിര്‍മാണം ചെലവ് കുറഞ്ഞ ഓസ്ട്രിയന്‍ ടണലിങ് രീതിയില്‍

തിരുവനന്തപുരം: രാജ്യത്തെ വലിയ മൂന്നാമത്തെ റെയില്‍വേ ടണല്‍ വിഴിഞ്ഞത്ത് നിര്‍മിക്കുന്നത് ചെലവു കുറഞ്ഞ ന്യൂ ഓസ്ട്രിയന്‍ ടണലിങ് രീതിയില്‍. ചെലവേറിയ ടണല്‍ ബോറിംഗ് മെഷീന്‍ രീതിക്ക് പകരം ചെലവ് കുറഞ്ഞ ആധുനിക ഡ്രില്ലിംഗ് ബ്‌ളാസ്റ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂഗര്‍ഭപാത നിര്‍മിക്കുന്നത് രാജ്യത്ത് ആദ്യമാണ്.

ഈ രീതിയ്ക്ക് അധികം സ്ഥലമേറ്റെടുപ്പ് വേണ്ട. ഭൂഗര്‍ഭ പാതയായതിനാല്‍ 5.5 ഹെക്ടര്‍ സ്ഥലമേറ്റെടുത്താല്‍ മതി. അല്ലെങ്കില്‍ 65 ഹെക്ടര്‍ വേണ്ടിവരും. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നര്‍ നീക്കത്തിനായി നിര്‍മ്മിക്കുന്ന ഭൂഗര്‍ഭ റെയില്‍പ്പാതയുടെ വിശദമായ പദ്ധതിരേഖയ്ക്ക് (ഡി.പി.ആര്‍) ചീഫ് സെക്രട്ടറി ഡോ. വി. വേണു അധ്യക്ഷനായ പദ്ധതി നിര്‍മ്മാണസമിതി അംഗീകാരം നല്‍കി.

കൊങ്കണ്‍ റെയില്‍വേയ്ക്കാണ് നിര്‍മ്മാണച്ചുമതല. ബാലരാമപുരത്തെ പ്രധാന റെയില്‍വേ ലൈനുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന പാതയുടെ ആകെനീളം 10.76 കിലോമീറ്റര്‍. ഇതില്‍ 9.5 കിലോമീറ്ററാണ് ഭൂഗര്‍ഭപാത. 42 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 36 മാസം കൊണ്ട് ടണല്‍ നിര്‍മ്മിക്കും. ഇപ്പോള്‍ തുറുമുഖ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ആദ്യഘട്ടം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. രണ്ട് കൂറ്റന്‍ ബാര്‍ജുകളില്‍ കണ്ടെയ്‌നറുകളെത്തിച്ച് അടുത്ത മാസം ട്രയല്‍ റണ്‍ നടത്തും.

ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കിന്റെ ഭാഗമായ 12.75 കി.മീറ്റര്‍ ടണല്‍, 11.2 കി.മീ നീളമുള്ള പിര്‍ പഞ്ചാള്‍ എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ മറ്റുരണ്ട് റെയില്‍വേ ടണലുകള്‍. റെയില്‍പ്പാത നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കണ്ടെയ്‌നര്‍ നീക്കം റോഡ് മാര്‍ഗമായിരിക്കും. ഇതിനായി കന്യാകുമാരി ഹൈവേയുമായി ബന്ധിപ്പിച്ച് തുറമുഖ റോഡ് വീതികൂട്ടി. തുറമുഖ കമ്പനിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാകും നിര്‍മ്മാണം. പണം കണ്ടെത്താന്‍ കേന്ദ്ര സഹായവും തേടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.